അറുപതുകളുടെ മധ്യത്തിൽ ഉദയാസ്റ്റുഡിയോ അവരുടെ പുതിയ ചിത്രമായ ‘ഇണപ്രാവുകളി’ലേക്ക് നായികയെ തേടുന്ന സമയം. തെലുങ്കിലും കന്നടയിലുമൊക്കെ ശ്രദ്ധേയയായി വരുന്ന ആന്ധ്രയിലെ തെന്നാലി സ്വദേശിയായ ഒരു പെൺകുട്ടിയിലാണ് ആ അന്വേഷണം അവസാനിച്ചത്. അങ്ങനെ സത്യന്റെ നായികയായി റാഹേൽ എന്ന പുതുമുഖ നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
1965ൽ റിലീസായ ഈ ചിത്രത്തിൽ നായികാ കഥാപാത്രത്തിന്റെ പേരാണ് നിർമാതാവ് കുഞ്ചാക്കോ തന്റെ പുതിയ നായികയ്ക്കു നല്കിയത്. എന്നാൽ, ചിത്രം റിലീസായതോടെ ശാരദ എന്ന തന്റെ യഥാർഥ പേരിലേക്കു മാറാനുള്ള അനുവാദം കുഞ്ചാക്കോ നൽകി. ഇണപ്രാവുകൾ വൻ ഹിറ്റായതോടെ ശാരദയുഗത്തിന് മലയാളത്തിൽ തുടക്കമിടുകയായിരുന്നു. മലയാളത്തിന്റെ ദുഃഖപുത്രി എന്ന ഇമേജോടെ എൺപതുകളുടെ തുടക്കം വരെ അവർ നിറഞ്ഞുനിന്നു.
1968ൽ റിലീസായ തുലാഭാരം എന്ന സിനിമയാണ് ശാരദയുടെ കരിയർ മാറ്റിമറിച്ചത്. എ. വിൻസന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വിജയ എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതായിരുന്നു. പട്ടിണിമൂലം സ്വന്തം കുട്ടികളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യക്കു ശ്രമിക്കുന്ന കഥാപാത്രം അക്കാലത്ത് ഏറെ തരംഗം സൃഷ്ടിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഇതിലൂടെ ശാരദയ്ക്ക് ലഭിച്ചു. ദുഃഖകഥാപാത്രങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന അവരുടെ രൂപഭാവങ്ങൾ ദുഃഖപുത്രി എന്ന ഇമേജ് നേടിക്കൊടുത്തു.
1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവര’ത്തിലൂടെ വീണ്ടും ശാരദയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. മലയാളത്തിൽ മറ്റൊരു നടിക്കും ലഭിക്കാത്ത ബഹുമതിയാണിത്. 1977ൽ തെലുങ്ക് ചിത്രമായ നിമജ്ജനത്തിലൂടെ വീണ്ടും ദേശീയ അംഗീകാരം നേടി. തുടർന്ന് സത്യൻ, പ്രേംനസീർ, മധു, ഉമ്മർ തുടങ്ങി അക്കാലത്തെ മുൻനിര നായകന്മാരുമൊത്ത് നിരവധി സിനിമകളിൽ അവർ വേഷമിട്ടു. എംടിയുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ്, എം.ടിയുടെതന്നെ തിരക്കഥയിൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത ഇരുട്ടിന്റെ ആത്മാവ് എന്നീ ചിത്രങ്ങൾ ശാരദയുടെ താരമൂല്യം ഉയർത്തി. ഉദ്യോഗസ്ഥ, യക്ഷി, അടിമകൾ, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികൾ, എലിപ്പത്തായം, കാശ്മീരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, രാപ്പകൽ തുടങ്ങി 125ഓളം മലയാള സിനിമകളിൽ അവർ വേഷമിട്ടു.
മലയാളത്തിൽ നിറഞ്ഞുനിൽക്കുന്പോൾ തന്നെ തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും ശാരദ ശ്രദ്ധേയ സാന്നിധ്യമായി മാറി. ആന്ധ്രയിലെ ശാരദയുടെ ജനപ്രീതി കണക്കിലെടുത്ത് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശാരദയെ തെന്നാലി മണ്ഡലത്തിൽ തെലുങ്കുദേശം പാർട്ടിയുടെ ലോക്സഭാ സ്ഥാനാർഥിയാക്കി. തെരഞ്ഞെടുപ്പിൽ ശാരദ വൻ വിജയം നേടി. എന്നാൽ, സജീവ രാഷ്ടീയത്തിൽനിന്ന് അവർ താമസിയാതെ പിന്മാറുകയായിരുന്നു. രാഷ് ട്രീയപ്രവർത്തനം തനിക്കു സേവനമാണെന്നും പക്ഷേ മറ്റു പലരും സ്വന്തം അജൻഡകൾ പിന്തുടരുന്നവരായിരുന്നുവെന്നുമാണ് അതേക്കുറിച്ച് ശാരദ പിന്നീട് പറഞ്ഞത്. രണ്ടായിരത്തിന്റെ ആദ്യപകുതിക്കുശേഷം ശാരദ സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടില്ല. ശ്രീകുമാരൻതന്പി സംവിധാനം ചെയ്ത് 2015ൽ എത്തിയ ‘അമ്മയ്ക്കൊരു താരാട്ട്’ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
സമൃദ്ധമായ ഒരു ഭൂതകാലത്തിന്റെ ഓർമകളുമായി ചെന്നൈയിലെ വസതിയിൽ സ്വസ്ഥജീവിതത്തിലാണ് ശാരദയിപ്പോൾ. കൂട്ടിന് സഹോദരന്റെ കുടുംബവുമുണ്ട്. കൂടെ അഭിനയിച്ചവരിൽ മിക്കവരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് തന്നെ അസ്വസ്ഥയാക്കാറുണ്ടെന്ന് അഭിമുഖങ്ങളിൽ അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പഴയ സഹപ്രവർത്തകരിൽ മധുവുമായി ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നു. അദ്ദേഹത്തെ മാസത്തിലൊരിക്കലെങ്കിലും വിളിക്കും. ഷീലയും ജയഭാരതിയുമായെല്ലാം നല്ല സൗഹൃദം പുലർത്തുന്നു.
തന്റെ സിനിമാ കരിയറിൽ നൂറുശതമാനവും സംതൃപ്തയാണെന്ന് പറയുന്ന അവർക്ക് ഒരു വിഷമം മാത്രമുണ്ട്; മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിയാത്തതിൽ.